Thursday 8 November 2012

മൊസാദിന്റെ മുട്ടുവിറച്ച നാളുകള്‍

Mossad 1997 സെപ്തംബര്‍ 25-ാം തിയതി ജൂത പുതുവര്‍ഷം ആഘോഷിക്കാന്‍ തെല്‍അവീവിനു വടക്ക് ഹെര്‍സിലിയയിലെ മൊസാദ് ആസ്ഥാനത്ത് പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹു സുരക്ഷാഭടന്മാരുടെ അകമ്പടിയോടെ എത്തിയപ്പോള്‍ മൊസാദ് തലവന്‍ ഡാന്നി യേറ്റാം വിളറിയ മുഖവുമായാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. അമ്മാനിലെ ഇസ്രായേല്‍ എംബസിയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍നിന്ന് അപ്പോള്‍ ലഭിച്ച സന്ദേശം യേറ്റാം പ്രധാനമന്ത്രിയെ മാറ്റിനിര്‍ത്തി പതിഞ്ഞസ്വരത്തില്‍ ചെവിയില്‍ പറഞ്ഞു. ''അമ്മാനിലെ ദൗത്യം പരാജയപ്പെട്ടു. നാം കുഴപ്പത്തലായിരിക്കുന്നു. രണ്ട് മൊസാദ് ഏജന്റുമാര്‍ അമ്മാനില്‍ ജയിലിലാണ്. മറ്റ് ആറുപേര്‍ ഉടനെ പിടിക്കപ്പെടും.'' ഈ വാര്‍ത്ത നെതന്യാഹുവിനെ ഞെട്ടിച്ചു. യേറ്റാമും മൊസാദിന്റെ ഓപ്പറേഷന്‍ ഡയറക്ടരും വിശദീകരിച്ച ഒരുക്കങ്ങളെക്കുറിച്ചോര്‍ത്തു. ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ ഭരണകൂടം നടത്തിവരുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരെ ഹമാസിന്റെ രക്തസാക്ഷി ആക്രമണ പ്രതികരണങ്ങള്‍ ശക്തിപ്പെട്ടതോടെ ചേര്‍ന്ന ക്യാബിനറ്റ് യോഗം മുന്‍നിര ഹമാസ് നേതാക്കളെ വധിക്കാന്‍ തന്നെ തീരുമാനമെടുത്തു. ''ഞാനവരെ വറുതെ വിടില്ല.'' നെതന്യാഹു പ്രഖ്യാപിച്ചു. ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഖാലിദ് മിശ്അലായിരുന്നു ഇസ്രായേലിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഒന്നാമന്‍.


ഓപ്പറേഷന്ന് ആഴ്ചകള്‍ക്കുമുമ്പുതന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി റിഹേഴ്‌സല്‍ നടത്തിയിരുന്നു. 13 പേരടങ്ങിയ സംഘം വ്യത്യസ്ത നഗരങ്ങളില്‍നിന്നായി ഓരോ ദിവസങ്ങളില്‍ അമ്മാനില്‍ വിമാനമിറങ്ങുന്നു. ഇവരില്‍ അഞ്ചുപേര്‍ കനേഡിയന്‍ ടൂറിസ്റ്റുകളെന്ന വ്യാജേനയും, ഒരു വനിതാ കാര്‍ഡിയോളജിസ്റ്റും അവര്‍ക്കൊരു സഹായിയും ദമ്പതിമാര്‍ എന്ന വ്യാജേനയുമെത്തി പ്രത്യേക ഹോട്ടലില്‍ താമസിക്കുന്നു. മിശ്അലിന്റെ മേല്‍ പ്രയോഗിക്കാനുള്ള മാരക വിഷം സംഘാംഗങ്ങള്‍ക്ക് ഏല്‍ക്കാന്‍ ഇടവന്നാല്‍ ഉടന്‍ മറുമരുന്ന് പ്രയോഗിച്ച് രഹസ്യമായി സുഖപ്പെടുത്തുന്നത് ഈ ഡോക്ടറായിരിക്കും. ഇതിന്റെയെല്ലാം റിഹേഴ്‌സല്‍ തെല്‍അവീവിലെ തെരുവില്‍ തൃപ്തികരമായി നടത്തിക്കഴിഞ്ഞിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍വെച്ച് നിരവധി ഫലസ്തീന്‍ നേതാക്കളെ വധിച്ച പരിചയ സമ്പന്നരായിരുന്നു കൊലയാളികള്‍. 1988 ഏപ്രിലില്‍ യാസിര്‍ അറഫാത്തിന്റെ സെക്രട്ടറി അബൂ ജിഹാദ് എന്ന ഖലീല്‍ വസീറിനേയും 1991 ജനുവരിയില്‍ പി.എല്‍.ഒ. സുരക്ഷാമേധാവി ഹായില്‍ അബ്ദുല്‍ ഹമീദ്്, സലാഹ് ഖലഫ് (അബൂ ഇയാദ്), ഉപദേശകന്‍ ഫഖ്‌രി അല്‍ഉമരി എന്നിവരെ തൂനിസിലും, 1995 ലിബിയന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ഇസ്‌ലാമിക് ജിഹാദ് നേതാവ് ഫതഹ് അല്‍ശഖാഖിയെ മാള്‍ട്ടയിലും, 1996 ജനുവരിയില്‍ ഹമാസിന്റെ രക്തസാക്ഷി ആക്രമണ കേന്ദ്രതലവന്‍ എഞ്ചിനീയര്‍ യഹ്‌യാ അയാശിനെ റിമോട്ട് മോബൈല്‍ ബോംബ് ഉപയോഗിച്ചും കൊലപ്പെടുത്തിയത് മൊസാദിന്റെ യൂനിറ്റായിരുന്നു.

1997 സെപ്തംബര്‍ 25 വ്യഴാഴ്ച ജൂത പുതുവര്‍ഷദിനത്തില്‍ രാവിലെ ഒമ്പതു കഴിഞ്ഞപ്പോള്‍ അമ്മാനിലെ റാബിയ സ്ട്രീറ്റിലെ ഇസ്രായേലി എമ്പസി വളപ്പില്‍നിന്ന് രണ്ട് ഹ്യുണ്ടായി കാറുകള്‍ പുറത്തേക്ക് വന്നു. ഖാലിദ് മിശ്അലിന്റെ വസതിയായിരുന്നു ലക്ഷ്യം. ഡ്രൈവര്‍, ഒരു അംഗരക്ഷകന്‍, ദൗത്യനിര്‍വഹണം എല്‍പിക്കപ്പെട്ട ജോണ്‍ കെന്‍ഡാല്‍, ബാരിബീഡ്‌സ് എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇതൊരു വാടകവണ്ടിയായിരുന്നു. ഡിപ്ലോമാറ്റിക് നമ്പര്‍പ്ലേറ്റുള്ള രണ്ടാമത്തെ കാറില്‍ ഡോക്ടര്‍ ഉള്‍പ്പെടെ നാല് മൊസാദ് ഏജന്റുമാരാണുണ്ടായിരുന്നത്. പത്ത് മണിയോടെ ഓഫീസിലേക്ക് പുറപ്പെടുന്ന മിശ്അലിനെ കാത്ത് രണ്ട് വണ്ടികളും വീട്ടിന് സമീപം നിലയുറപ്പിച്ചു. അല്‍പസമയത്തിനുശേഷം അംഗരക്ഷകന്‍ അബൂ സെയിഫിനും മൂന്നുമക്കള്‍ക്കുമൊപ്പം മിശ്അല്‍ കാറില്‍ കയറി. വ്യാഴാഴ്ചയായതിനാല്‍ സ്‌കൂള്‍ അവധിയായിരുന്നു. ഓഫീസില്‍ മിശ്അലിനെ ഇറക്കി കുട്ടികളെ മുടിവെട്ടാന്‍ കൊണ്ടുപോകുന്നതിന് ഡ്രൈവറെ ചട്ടംകെട്ടിയിട്ടുണ്ടായിരുന്നു. ഡിപ്ലോമാട്രിക് നമ്പര്‍ പ്ലേറ്റുള്ള കാര്‍ അടുത്ത തെരുവിലേക്ക് തിരിച്ചപ്പോള്‍ വാടക വണ്ടി മിശ്അലിന്റെ കാറിനെ പിന്തുടര്‍ന്നു. ഓഫീസിനു മുമ്പില്‍ നിര്‍ത്തിയ കാറില്‍നിന്ന് പുറത്തിറങ്ങിയ മിശ്അല്‍ കെട്ടിടത്തിനകത്തേക്ക് കടക്കാന്‍ തുടങ്ങിയപ്പോള്‍ കെന്‍ഡലും ബീഡ്‌സും പിന്നാലെ കുതിച്ചെത്തി എന്തോ ഉപകരണംകൊണ്ട് മിശ്അലിന്റെ ഇടത്തേ ചെവിയില്‍ സ്‌പ്രേ ചെയ്തു. മിശ്അലിന്റെ അംഗരക്ഷകന്‍ അബൂസെയിഫ് കാറില്‍നിന്ന് ഇറങ്ങിയിട്ടുണ്ടായിരുന്നില്ല. രക്ഷപ്പെടാന്‍ ശ്രമിച്ച മൊസാദ് ഏജന്റ്മാരെ അംഗരക്ഷകന്‍ വഴിപോക്കരുടെ സഹായത്തോടെ മല്‍പിടുത്തത്തിനുശേഷം കീഴടക്കി പോലീസിനു കൈമാറി. അക്രമികള്‍ എന്തോ ലോഹ വസ്തുകൊണ്ട് അടിച്ചതിനാല്‍ അബൂസെയിഫിന്റെ തലക്ക് പരിക്കുപറ്റി.


ഓഫീസിലെത്തി അസ്വസ്ഥത അനുഭവപ്പെട്ട മിശ്അല്‍ മക്കളെ വീട്ടിലേക്കയച്ച് ജോര്‍ഡാനിലെ ഹമാസ് പ്രതിനിധി മുഹമ്മദ് നസ്സാലിന്റെ വീട്ടിലേക്ക് തിരിച്ചു. തുടർന്നു വായിക്കുക..

No comments:

Post a Comment