Monday 18 June 2012

വെബ് പോര്‍ട്ടലിന് പ്രൗഢോജ്ജ്വല തുടക്കം


കോഴിക്കോട്: മുസ്‌ലിം മതസാംസ്‌കാരിക സംഘടന നേതാക്കളുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ഇസ്‌ലാം ഓണ്‍ലൈവ് വെബ് പോര്‍ട്ടലിന് പ്രൗഢോജ്ജ്വല തുടക്കം.
ദേശീയവും അന്തര്‍ദേശീയവുമായ ഇസ്‌ലാമിക ചലനങ്ങളെ കുറിച്ചും ക്രിയാത്മകമായ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും വേണ്ടി ആരംഭിച്ചതാണ്
ഇസ്‌ലാം ഓണ്‍ലൈവ്. കേരളത്തിലെ എല്ലാ മുസ്‌ലിം മതസംഘടനകളുടെയും പ്രതിനിധികളിലൂടെ ഒരുമിച്ച് നിര്‍വ്വഹിക്കപ്പെട്ട ഉദ്ഘാടന പരിപാടി കേരളത്തിലെ മുസ്‌ലിം സാംസ്‌കാരിക കൂട്ടായ്മയുടെ വിളംബരമായി മാറി. ധര്‍മ്മധാര ഡിവിഷന്‍ ഫോര്‍ ഡിജിറ്റല്‍ മീഡിയക്ക് കീഴിലാണ് മലയാളത്തിലെ സമ്പൂര്‍ണ്ണ ഇസ്‌ലാമിക് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. 14 വ്യക്തികള്‍ www.islamonlive.in ലെ ഓരോ അക്ഷരങ്ങളും ക്ലിക്ക് ചെയ്യുകയും ജമാഅത്തെ ഇസ്‌ലാമി അമീര്‍ എന്റര്‍ കീ അമര്‍ത്തുകയും ചെയ്തതോടെയായിരുന്നു സൈറ്റിന്റെ തുടക്കം.
സംഘടനാ പക്ഷപാതങ്ങളില്‍ നിന്നും കേരളത്തിലെ പൊതു സമൂഹം പുറത്ത് വരണമെന്നാണ് ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നതെന്ന് അമീര്‍ ടി.ആരിഫലി അധ്യക്ഷ പ്രഭാഷണം നിര്‍വ്വഹിച്ചു കൊണ്ട് പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയുടെ ധര്‍മധാരാ ട്രസ്റ്റിന് കീഴിലുള്ള ഒരു സംരംഭമെന്ന നിലക്ക് ഇസ്‌ലാം ഓണ്‍ ലൈവും അത്തരമൊരു ലക്ഷ്യ സാക്ഷാല്‍കാരത്തിനാണ് ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി സംഘടനാപരമായി തന്നെ ഇത്തരമൊരു തീരുമാനം എടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു പൊതുവേദിയായി ഇസ്‌ലാം ഓണ്‍ലൈവും മാറണമെന്നും അതിനായി മുഴുവന്‍ സംഘടനകളും ഇതിലേക്ക് ഫീഡ് ചെയ്യണമെന്നും അതിന്റെ ഗുണം നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമുമായും മുസ്‌ലിംകളുമായും ബന്ധപ്പെട്ട് എന്തെങ്കിലും ലേഖനമോ പ്രഭാഷണമോ തയ്യാറാക്കാനായി 'നെറ്റില്‍' പ്രവേശിച്ചാല്‍ പലപ്പോഴും കൃത്യമായ വസ്തുതകളല്ല ലഭ്യമാവുക. ഇത് ഇസ്‌ലാമിനെകുറിച്ച് അറിയുന്നവരേക്കാള്‍ അറിയാനായി അതില്‍ കയറുന്ന മറ്റുള്ളവരെ അബന്ധങ്ങളിലേക്കെത്തിക്കുന്നു. അതു കൊണ്ട് തന്നെ ഇസ്‌ലാമിനെ അന്വേഷിക്കുന്നവര്‍ക്ക് ഒരു പുതിയ ദിശയായി ഓണ്‍ലൈന്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു.
വളരെ ധന്യവും അനുഗ്രഹീതവുമായ ഈ സന്ദര്‍ഭത്തില്‍ പരിശുദ്ധ ഇസ്‌ലാമിനെ കുറിച്ചും അതിന്റെ ഏറ്റവും മഹത്തായ മൂല്യങ്ങളെ കുറിച്ചും സമൂഹത്തെ ബോധവല്‍കരിക്കാന്‍ സൈറ്റിന് സാധിക്കട്ടെ എന്നതാണ് തന്റെ ആഗ്രഹമെന്ന് എന്ന് ടി.പി. അബ്ദുല്ലക്കോയ മദനി ആശംസിച്ചു. ഇസ്‌ലാമിന്റെ യഥാര്‍ഥമായ രൂപവും ഉള്‍ക്കനവും ജനങ്ങള്‍ അറിയുന്നതിന് മുമ്പ് തന്നെ അതിനെതിരെയുള്ള പ്രചാരണകോലാഹലങ്ങള്‍ ശക്തമായിട്ടുണ്ടാവും. പ്രതിരോധത്തില്‍ മറ്റുള്ളവര്‍ ഏത് മാര്‍ഗം സ്വീകരിക്കുന്നുവെങ്കിലും നന്മയുടെ മാര്‍ഗം മാത്രമേ നാം സ്വീകരിക്കാവൂ എന്നും അതിനാണ് ശാശ്വത വിജയമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അതിന്റെ ഭാവി പരിപാടികള്‍ക്കും എല്ലാവിധ ഭാവുകങ്ങളും ആശംസകളും ഡോ. ജമാലുദ്ദീന്‍ ഫാറൂഖി നേര്‍ന്നു . സംഘടനാ വത്കൃതമായ ഒരു ഇസ്‌ലാമാണ് നമ്മുടെ കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക പ്രബോധനം എന്ന് പറഞ്ഞ് നാം നടത്തുകയും കേള്‍ക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മിക്കവാറും എല്ലാ സന്ദര്‍ഭങ്ങളില്‍ ഓരോരുത്തര്‍ക്കും ആവശ്യമായ പ്രതിരോധം തീര്‍ക്കുന്ന മേഖലയിലായിരിക്കും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാറുള്ളത്. പ്രതിരോധനത്തിന്റെയും മുകളില്‍ ഒരു മേഖലയിലാണ് ഇസ്‌ലാം ആവര്‍ത്തിച്ച് പറയുന്ന പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. പ്രത്യേകിച്ചും നമ്മുടെതു പോലുള്ള ഒരു ബഹുസ്വരസമൂഹത്തില്‍ ശാന്തമായി ഇരുന്ന് മതത്തെ പഠിക്കുവാനും അതിന്റെ ആഴങ്ങളിലേക്ക് അന്വേഷണബുദ്ധിയോടുകൂടി പോകുവാനും ഏത് ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഉദ്യമങ്ങള്‍ അന്വേഷണ തല്പരരമായ എല്ലാവരും ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്‌ലാം ഓണ്‍ലൈവിന്റെ ഈ ഉദ്ഘാടനവേദി തികച്ചും സന്തോഷകര ഒരു നിമിഷമാണെന്ന് നാസര്‍ ഫൈസി കൂടത്തായി വ്യക്തമാക്കി. ഇസ്‌ലാമിനെ കൂടുതല്‍ പഠിക്കാനും തെറ്റിദ്ധാരണകള്‍ നീക്കാനും വിവിരസാങ്കേതിക മേഖലയിലുള്ള ശ്രമങ്ങള്‍ വിജയിക്കുമെന്നും നമുക്കൊക്കെ അതില്‍ പങ്കാളികളാവെന്നു ഇത് സമൂഹത്തില്‍ മൊത്തത്തില്‍ വിപ്ലവമാവാന്‍ സാധിക്കുമെന്നും അതാണ് അറബ് വസന്തം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റാശിദുല്‍ ഗനൂഷി തൊടുത്തുവിട്ട ജനാധിപത്യം ഇസ്‌ലാമിന്റെ ഭാഗമാണെന്ന വിപ്ലവകരമായ ആശയം അംഗീകരിക്കാന്‍ തയ്യാറാവാതെ വന്ന സമയത്ത് നാട് വിട്ട് പോവേണ്ടി വന്ന് സാഹച്യത്തില്‍ നിന്ന് മാറി ഏകാധിപധിയായി സൈനുല്‍ ആബിദീന്‍ ബിന്‍ അലി നാട് വിട്ട് പോകേണ്ടി വന്നത് ഒരു തെരുവു കച്ചവടക്കാരനില്‍ നിന്നുണ്ടായ രോഷപ്രകടനമാണെങ്കില്‍ അത് ലോകത്ത് വ്യാപകമായി എത്തിക്കാനും ഒരു ജനതയുടെ വിപ്ലത്തെ തൊടുത്തുവിടാനും സാധ്യമായത് ഇത്തരം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വിപ്ലവമാണ്.
പുതിയ വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രയോജനപ്പെടുത്തുന്നതിലുള്ള സന്തോഷമാണെന്ന് ഈ പരിപാടിയിലേക്ക്  തന്നെ ആകര്‍ഷിപ്പിച്ചതെന്ന് ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ പറഞ്ഞു. വളരെയധികം വേഗതയിലാണ് ലോകം മാറിക്കൊണ്ടിരിക്കുന്നത്. ഈ മാറ്റം നമ്മുടെ ചിന്താഗതികളിലും സംഘടനാപരമായ കാഴ്ചപ്പാടുകളിലും ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
വെബ്‌സൈറ്റിലെ നല്കുന്ന വിവരങ്ങളുടെ ആധികാരികമാവണമെന്ന് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. സാമൂഹിക സാസ്‌കാരിക രംഗത്ത് ശക്തമായ സാന്നിദ്ധ്യമുള്ള കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ വലിയ സാമ്പത്തിക ബാധ്യതകളിലൂടെ സംഘടിപ്പിക്കുന്ന ദേശീയവും അന്തര്‍ദേശീയവുമായ സെമിനാറുകളുടെ രേഖകളും റിക്കോഡുകളും പലപ്പോഴും സൂക്ഷിക്കപ്പെടാറില്ല. അത്തരം കാര്യങ്ങള്‍ക്കുകൂടി സൈറ്റ് വേദിയാവണമെന്നും അച്ചടിരംഗത്തുള്ള സ്ഥലപരിമിതിയെ വെബ് ലോകത്ത് മിറകടക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അറിവിന്റെയും സാങ്കേതിക വിദ്യയുടെയും കാര്യത്തില്‍ വലിയമാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ നമുക്ക് മുന്‍പന്തിയില്‍ സഞ്ചരിക്കേണ്ടതുണ്ടെന്ന് അബുല്‍ ഖൈര്‍ മൗലവി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍ മുസ്‌ലികളുടെ മുമ്പേ നടന്ന പ്രസ്ഥാനമാണെന്നും ആ മാര്‍ഗത്തില്‍ ഒട്ടേറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംകള്‍ സംഘടനക്കപ്പുറത്ത് സംഘടിതമായി നിലകൊള്ളണമെന്നും അതാണ് ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്‌ലാമിനെ കുറിച്ച സീരിയസ് റീഡിങിന്റെ കാലമാണ് ഇതെന്ന് എ.പി.അബ്ദുല്‍ വഹാബ് പറഞ്ഞു. അറബ് വസന്തത്തിലൂടെ ഇസ്‌ലാമിന്റെ വിമോചന ദൗത്യത്തെ കുറിച്ച ഇത്തരത്തിലുള്ള ഗൗരവ പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. അധിനിവേശ വിരുദ്ധതയില്‍ കേരളവും മലബാറും വഹിച്ച പങ്കിനെ കുറിച്ച് അതിന്റെ പിന്നിലുള്ള പ്രത്യയശാസ്ത്രത്തെ കുറിച്ചുമെല്ലാം ലണ്ടനില്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഈ ഉദ്യമം മഹോജ്ജലമാണ്. നിങ്ങള്‍ മിണ്ടാതിരുന്നാല്‍ നിങ്ങളെ കുറിച്ച് കഥകളുണ്ടാവും. നിങ്ങള്‍ സംസാരിച്ചു തുടങ്ങിയാല്‍ അവര്‍ നിങ്ങളുടെ കഥകള്‍ കേള്‍ക്കും എന്ന താരിഖ് റമദാനിന്റെ വാക്കുകളെ അന്വര്‍ഥമാക്കുന്ന തരത്തിലുള്ള കഥ പറച്ചിലിനു തടക്കമാവട്ടെ ഈ സൈറ്റെന്ന് ഔസാഫ് അഹ്‌സന്‍ പറഞ്ഞു. കാര്യങ്ങള്‍ പരമാവധി നേരിട്ട് ആളുകളെ നിയമിച്ചു കൊണ്ട് യഥാര്‍ഥ ഉറവിടത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കുന്നത് നന്നാവുമെന്നും അദ്ദേഹം പറഞ്ഞു.
പി.കെ. അഹ്മദ്, നിഷാദ്, പി.മുഹമ്മദ് അശ്‌റഫ്, റസൂല്‍ ഗഫൂര്‍, അബ്ദുല്ല മന്‍ഹാം എന്നിവരും ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഇസ്‌ലാം ഓണ്‍ലൈവ് ലോക ഇസ്‌ലാമിക ചലനങ്ങളിലേക്കുള്ള ഒരു വാതായനമാണെന്ന് സ്വാഗത പ്രഭാഷണത്തില്‍ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. അന്തര്‍ദേശീയ  ദേശീയ വാര്‍ത്തകളോടൊപ്പം പ്രാദേശികതലങ്ങളിലെ വ്യത്യസ്ഥ മതംഘടനകളുടെ ശ്രദ്ധേയമായ വാര്‍ത്തകള്‍ സൈറ്റ് വായനക്കാരിലേക്കെത്തിക്കുന്നു. പരസ്പര വൈര്യത്തില്‍ നിന്നും മാറിക്കൊണ്ടുള്ള ക്രിയാത്മകമായ എല്ലാ രചനകളും സൈറ്റിലൂടെ പ്രകാശിതമാവുമെന്നും വാര്‍ത്തകള്‍ക്കു പുറമേ നിരീക്ഷണങ്ങളും പഠനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തുമെന്നും എല്ലാവര്‍ക്കും അതുമായി സഹകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അനീസ് പി.എ ഖിറാഅത്തും
ഡി.ഫോര്‍ മീഡിയ ഡയറക്ടര്‍ വി.കെ. അബ്ദു നന്ദിപ്രകാശനവും നിര്‍വഹിച്ചു. 2012 ജൂണ്‍ 18 ന് കോഴിക്കോട് പ്രസ്‌ക്ലബ് ഹാളില്‍ വെച്ചായിരുന്നു സൈറ്റിന്റെ ഉദ്ഘാടനം.


No comments:

Post a Comment